പ്രാഗ്: ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. സ്കൈ ബ്രിഡ്ജ് 721 എന്ന് പേരു നൽകിയിരിക്കുന്ന തൂക്കുപാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നുകൊടുത്തത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഏകദേശം രണ്ടുവർഷം കൊണ്ടാണ് സ്കൈ ബ്രിഡ്ജ് 721-ന്റെ നിർമാണം പൂർത്തിയായത്. മേഘാവരണം പുതച്ചുനിൽക്കുന്ന ജെസൻകി മലനിരകളും സമീപദൃശ്യങ്ങളും വിനോദസഞ്ചാരികൾക്ക് മികച്ച ദൃശ്യാനുഭവമാണ് നൽകുന്നത്. രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം താഴ്വരയിൽനിന്ന് 95 മീറ്റർ (312 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേബിൾ കാർ ഉപയോഗിച്ചാണ് ഇതിലേക്ക് എത്തിച്ചേരാൻ സാധിക്കുക. 721 മീറ്റർ അഥവാ (2365 അടി) നീളമാണ് ഈ തൂക്കുപാലത്തിനുള്ളത്.പാലത്തിലൂടെ ഒരുവശത്തേക്കാണ് സന്ദർശകർക്ക് നടക്കാനാവുക. മറുവശത്ത് എത്തിയ ശേഷം നടപ്പാതയിലൂടെ വനത്തിലേക്ക് ഇറങ്ങാം. അവിടെവെച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ ചരിത്രം അറിയാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും. 1.2 മീറ്റർ വീതിയുള്ള തൂക്കുപാലത്തിലൂടെ എല്ലാ പ്രായത്തിലും ഉയരത്തിലുമുള്ള കുട്ടികൾക്കും പ്രവേശിക്കാം. എന്നാൽ പുഷ്ചെയറുകളുടെയോ വീൽ ചെയറുകളുടെയോ സഹായത്താൽ സഞ്ചരിക്കുന്നവർക്ക് ഈ പാലം അനുയോജ്യമല്ല.

0 Comments