മാസങ്ങള്‍ക്കുമുമ്പ് 112 ഡോളറുണ്ടായിരുന്ന മൂല്യമാണ് 24 മണിക്കൂറിനുള്ളില്‍ 99ശതമാനത്തോളം തകര്‍ന്നടിഞ്ഞത്.



ആഗോളതലത്തിൽ ബിറ്റ്കോയിൻ ഉൾപ്പടെയുളള ക്രിപ്റ്റോ കറൻസികളുടെ മൂല്യം കൂപ്പുകുത്തി. ടെറാഫോം ലാബ്സിന്റെ ക്രിപ്റ്റോ കറൻസിയായ ടെറ ലൂണയുടെ ഇടിവിനെതുടർന്നായിരുന്നു പ്രതിസന്ധി രൂപ്പെട്ടത്.

24 മണിക്കൂറിനുള്ളിൽ ടെറ ലൂണയ്ക്ക് 99ശതമാനം മൂല്യവും നഷ്ടമായതാണ് ക്രിപ്റ്റോ ലോകത്തെ ഞെട്ടിച്ചത്. ടെറയുടെ വ്യാപാരം ഇപ്പോൾ നടക്കുന്നത് 0.51 ഡോളിലാണ്. അതായത് അരഡോളർ നിലവാരത്തിൽ.

    



മാസങ്ങൾക്കുമുമ്പ് 112 ഡോളർവരെ ടെറയുടെ മൂല്യമുയർന്നിരുന്നു. ഒരുമാസം മുമ്പുവരെ 90 ഡോളറുണ്ടായിരുന്ന മൂല്യമാണ് 24 മണിക്കൂറിനുള്ളിൽ തകർന്നടിഞ്ഞത്.ടെറയുടെ മൂല്യമിടഞ്ഞതോടെ ആഗോളതലത്തിൽ ക്രിപ്റ്റോ കറൻസികൾ കനത്ത സമ്മർദത്തിലാണ്. ബിറ്റ്കോയിൻ 27,000 ഡോളർ നിലവാരത്തിലാണിപ്പോഴുള്ളത്. 22,000 ഡോളറിലേയ്ക്ക് മൂല്യമിടിഞ്ഞേക്കാമെന്നും ക്രിപ്റ്റോ ലോകം വിലയിരുത്തുന്നു. ആറുമാസം മുമ്പാകട്ടെ 63,000 ഡോളറായിരുന്നു ബിറ്റകോയിന്റെ മൂല്യം.

മൂല്യമിടിവിന് പിന്നിൽ

ടെറയുടെ കൈവശമുള്ള ബിറ്റ്കോയിനുകൾ വൻതോതിൽ കയ്യൊഴിഞ്ഞതാണ് ടെറ ലൂണ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികൾ സമ്മർദത്തിലാകാൻ കാരണം. 1600 കോടി രൂപയാണ് ഇതിനകം ക്രിപ്റ്റോ നിക്ഷേപകർക്ക് നഷ്ടമായത്.


70,000ത്തോളം ബിറ്റ്കോയിനുകൾ ടെറ ഒഴിവാക്കിയതോടെയാണ് തിരിച്ചടിയുടെ തുടക്കം. താരതമ്യേന സ്റ്റേബിൾ കോയിനായി കരുതിയിരുന്ന ടെറയുടെതന്നെ യുഎസ്ടിയും തിരിച്ചടിനേരിട്ടു. താരതമ്യേന ഒരു ഡോളറിന് തുല്യമായ മൂല്യമുണ്ടായിരുന്ന യുഎസ്ടിയുടെ ഇപ്പോഴത്തെ മൂല്യം 26 സെന്റാണ്(100 സെന്റിന് സമാനമാണ് ഒരു ഡോളർ).