അഡ്‌ലെയ്ഡ് : അസംഭവ്യമെന്നു കരുതിയിരുന്ന ഒരു അട്ടിമറിയിലൂടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ജീവവായു തിരിച്ചുകിട്ടിയ പാക്കിസ്ഥാനും ബംഗ്ലദേശും തമ്മിൽ നടന്ന ജീവൻമരണ പോരാട്ടത്തിൽ ഭാഗ്യം പാക്കിസ്ഥാനൊപ്പം. ബംഗ്ലദേശിനെ അഞ്ച് വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടാം ഗ്രൂപ്പിൽനിന്ന് ഇന്ത്യയ്ക്കൊപ്പമാണ് പാക്കിസ്ഥാന്റെ സെമിഫൈനൽ മാർച്ച്. സിംബാബ്‌വെയ്ക്കെതിരായ മത്സരം വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരാകും.
ഇന്ന് ആദ്യം നടന്ന മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാൻ–ബംഗ്ലദേശ് മത്സരം നോക്കൗട്ട് മത്സരമായി മാറിയത്. നെതർലൻഡ്സിനെതിരെ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കു സെമി ഉറപ്പാകുകയും പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരഫലം അപ്രസക്തമാകുകയും ചെയ്യുമായിരുന്നു.
ബംഗ്ലദേശ് ഉയർത്തിയ 128 റൺസ് വിജലക്ഷ്യം 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാൻ മറികടന്നത്. ഇടയ്ക്കൊന്നു പതറിയെങ്കിലും മുഹമ്മദ് ഹാരിസ് (18 പന്തിൽ 31), ഷാൻ മസൂദ് (14 പന്തിൽ 24*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് പാക്കിസ്ഥാനെ അനായാസം വിജയത്തിലേക്ക് എത്തിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ മുഹമ്മദ് റിസ്‌വാനും (32 പന്തിൽ 32) ക്യാപ്റ്റൻ ബാബർ അസമും (33 പന്തിൽ 25) ചേർന്ന് 57 റൺസ് എടുത്തിരുന്നു. പിന്നീടെത്തിയ മുഹമ്മദ് നവാസ് (11 പന്തിൽ 4) റണ്ണൗട്ടായി. നാലാം വിക്കറ്റിൽ ഹാരിസും മസൂദും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തത് പാക്ക് വിജയത്തിൽ നിർണായകമായി.
ടോസ് നേടിയ ബംഗ്ലദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ റൺസ് വിട്ടുകൊടുക്കാൻ പിശുക്കിയ പാക്ക് ബോളർമാർ ബംഗ്ലദേശിനെ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 127 റൺസിൽ ഒതുക്കുകയായിരുന്നു. ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്റോയുടെ (48 പന്തിൽ 54) അർധസെഞ്ചറിയും അഫീഫ് ഹുസൈൻ (20 പന്തിൽ 24*), സൗമ്യ സർക്കാർ (17 പന്തിൽ 20) എന്നിവരുടെ പ്രകടനവുമാണ് ബംഗ്ലദേശിന് അൽപമെങ്കിലും തുണയായത്. ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയ ഓപ്പണർ ലിറ്റൻ ദാസ് എട്ടു പന്തിൽ 10 റൺസെടുത്ത് പുറത്തായി.
ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (പൂജ്യം), മൊസദ്ദെക് ഹുസൈൻ (11 പന്തിൽ 5), നുരുൾ ഹസൻ (പൂജ്യം), ടസ്കിൻ അഹമ്മദ് (5 പന്തിൽ 1), നസും അഹമ്മദ് (6 പന്തിൽ 7) എന്നിവർക്കൊന്നും തിളങ്ങാനായില്ല. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ഷദാബ് ഖാൻ രണ്ടും ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

0 Comments