ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഏപ്രിൽ 22 ലോക ഭൗമദിനമായി ആചരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കെ ഇതിന്റെ പ്രധാന്യം ഏറെ വർധിച്ചിരിക്കയാണ്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ചുകൊണ്ട് നിരവധി ദിനാചരണങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. അതിൽ ഏറ്റവും പഴക്കമേറിയതാണ് ഭൗമദിനാചരണം.

                                                



 1969-ൽ സാൻഫ്രാൻസിസ്‌കോയിലെ പരിസ്ഥിതി പ്രവർത്തകനായ ജോൺ മെക്കോണലിന്റെ നേതൃത്വത്തിൽ നടന്ന ഭൗമദിനാചരണമാണിതിൽ ആദ്യത്തേത്. തുടർന്ന് 141 രാജ്യങ്ങളിൽ ഭൗമദിനാചരണം നടന്നു. ഭൂമിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിനാശങ്ങൾക്ക് മുഖ്യകാരണക്കാർ അതിന്റെ ഏറ്റവും വലിയ ഉപയോക്താക്കളായ മനുഷ്യർ തന്നെയാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് നാല് ഡിഗ്രിയെങ്കിലും വർധിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പെട്രോളും മറ്റും കത്തുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന കാർബണിന്റെ ക്രമാതീതമായ അളവാണ് കൊടുംചൂടിന് കാരണമാകുന്നത്. ചൂടിനെ ആഗിരണം ചെയ്യാനുള്ള മരങ്ങളും ചെടികളും കുറഞ്ഞുവരുന്നതാണ് ഈ ദുരന്തത്തിന്റെ വ്യാപ്തിക്ക് കാരണം. ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുന്നു. ഈ പ്രതിസന്ധിക്കുള്ള ഏക പ്രതിവിധി കാർബൺ പ്രകൃതിയിലേക്ക് തിരിച്ചുപോവുക എന്നത് മാത്രമാണ്. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്ന് ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ദുർവിധി തിരുത്തുകയാണ് ഭൗമദിനാചരണത്തിന്റെ ഉദ്ദേശ്യം. ഭൂമിയെക്കുറിച്ചും ഭൂമി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസ്സിലാക്കാനും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വഴിയൊരുക്കി. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാരണം ഭൂമിയിലുണ്ടാകുന്ന ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുക, ഭൗമശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതി വിഭവങ്ങൾ കണ്ടെത്തുക, സമുദ്ര പഠനം വ്യാപകമാക്കുക എന്നിവയാണ് ആഗോളതാപനത്തെ ചെറുക്കാനുള്ള പോംവഴികൾ. അന്തരീക്ഷ മലിനീകരണമാണ് ഭൂമി നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും വിനാശകരമായിട്ടുള്ളത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന തരത്തിലാണ് അന്തരീക്ഷ മലിനീകരണം വർധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽ പറയുന്നു, 2012-ൽ 70 ദശലക്ഷം ആളുകൾ അന്തരീക്ഷ മലിനീകരണം കാരണം മരണമടഞ്ഞിട്ടുണ്ടെന്ന്. പെട്രോളിയം ഉത്പന്നങ്ങൾ കത്തുമ്പോഴുണ്ടാകുന്ന നെട്രജന്റെയും സൾഫറിന്റെയും ഓക്‌സൈഡുകൾ അന്തരീക്ഷത്തിലെത്തി ഓക്‌സിജനും നീരാവിയുമായി ചേർന്ന് നൈട്രിക് സൾഫ്യൂരിക് അമ്ലങ്ങൾ ഉണ്ടാവുകയും അത് അമ്ല മഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. സൂര്യനിൽ നിന്ന് പ്രസരിക്കുന്ന അപകടകാരികളായ ആൾട്രാവയലറ്റ് രശ്മികൾ വൻതോതിൽ ഭൂമിയുടെ ഉപരിതലത്തിൽ പതിച്ചാൽ അത് ജന്തുക്കൾക്കും മനുഷ്യനും ഹാനികരമാവുകയും ആഗോള ആവാസ വ്യവസ്ഥ തന്നെ തകരാറിലാവുകയും ചെയ്യുന്നു. ഈ രശ്മികളെ തടഞ്ഞുനിർത്തുന്ന ഭൂമിയുടെ സ്വാഭാവിക ആവരണമാണ് ഓസോൺ പാളി. ഓസോൺപാളി ശോഷണം കാരണം ഉയർന്നതോതിൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നത് ത്വക്‌രോഗം, അർബുദം, തിമിരം, രോഗപ്രതിരോധ ശക്തി ശോഷണം, സസ്യങ്ങളുടെ ഉത്പാദനക്ഷമതയിലുള്ള കുറവ്, സൂക്ഷ്മ സസ്യങ്ങളുടെ നാശം എന്നിവക്ക് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ച് നിരവധി ഉച്ചകോടികളും കരാറുകളും ഉണ്ടാകുന്നുണ്ടെങ്കിലും അത് നിർമ്മിച്ച മുതലാളിത്ത രാജ്യങ്ങൾ തന്നെ അതിനെ തകർക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ എല്ലാ വിലക്കുകളും വിധികളും ദരിദ്ര രാഷ്ട്രങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് വികസിത രാജ്യങ്ങൾ ലോകത്തെ വഞ്ചിക്കുകയാണ്.