തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴുമടക്കം ഇനി മുതല്‍ മാസ്‌ക് ധരിച്ചിരിക്കണം.. മാസ്‌ക് ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. അതേസമയം കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഒഴിവാക്കിയ മറ്റ് നിബന്ധനകളൊന്നും സര്‍ക്കാര്‍ പുനസ്ഥാപിച്ചിട്ടില്ല.

 



മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ അടക്കം രാജ്യത്ത് പലയിടത്തും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദില്ലയിലും കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അടക്കം മാസ്‌ക് ഇതിനകം നിര്‍ബന്ധമാക്കിക്കഴിഞ്ഞു. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയാണ് ഇവിടങ്ങളിൽ പിഴയൊടുക്കേണ്ടി വരിക. കേരളത്തിൽ മാസ്ക് ധരിച്ചില്ലെങ്കിൽ എത്ര രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടില്ല.